20 ഒക്‌ടോബർ 2009

സ്ഖലനത്തിന്റെ അനന്ത സാധ്യതകള്‍


ഒരു കുഞ്ഞിക്കാല്‍ കാണാന്‍ ഭാഗ്യമില്ലാതെ വിഷമിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടുകയാണ് അനുദിനം. അതിന്റെ തെളിവാണ് നമ്മുടെ നാട്ടില്‍ കൂണുകള്‍ പോലെ മുളച്ചുപൊന്തുന്ന ഇന്‍ഫെര്‍ട്ടിലിറ്റി ക്‌ളിനിക്കുകള്‍.
ജീവിതത്തില്‍ വസന്തം വിരിക്കാന്‍ ഒരു കുരുന്നു വരുന്നതും കാത്തിരിക്കുന്നവര്‍ക്ക് പ്രതീക്ഷയായി ഒരു ഗവേഷണഫലം പുറത്തുവന്നിരിക്കുന്നു. ആസ്‌ട്രേലിയന്‍ ഗവേഷകരുടേതാണ് കണ്ടെത്തല്‍. സ്ഥിരമായ ലൈംഗികബന്ധം ബീജാരോഗ്യം കൂട്ടുമെന്നും അത് ഇണയുടെ ഗര്‍ഭധാരണ സാദ്ധ്യത വര്‍ദ്ധിപ്പിക്കുമെന്നുമാണ് പഠനഫലം.
ഗര്‍ഭധാരണത്തിന് വിഘാതമാവുന്ന ബീജങ്ങളുടെ വൈകല്യത്തെക്കുറിച്ചായിരുന്നു പഠനം. ആര്‍ത്തവചക്രത്തില്‍ ഗര്‍ഭധാരണത്തിന് ഏറ്റവും അനുയോജ്യമായ ദിനം കണ്ടെത്തുകയായിരുന്നു ഗവേഷണത്തിന്റെ മറ്റൊരു ലക്ഷ്യം.
118 പുരുഷന്മാരെയാണ് ബീജശേഷി പഠനത്തിന് വിധേയരാക്കിയത്. പങ്കെടുത്തവരില്‍ എല്ലാവര്‍ക്കും ബീജത്തില്‍ 15 ശതമാനത്തിലധികം ഡി എന്‍ എ തകരാറുണ്ടായിരുന്നു. ബീജത്തിലെ ഡി എന്‍ എ തകരാറിനെ ഡി എഫ് ഐ എന്ന അളവിലാണ് കണക്കാക്കുന്നത്. നല്ല ആരോഗ്യമുള്ള ബീജങ്ങള്‍ക്ക് 15 ശതമാനത്തില്‍ താഴെ മാത്രമേ ഡി എഫ് ഐ കാണുകയുള്ളൂ. സാമാന്യം ആരോഗ്യമുള്ള ബീജങ്ങളുടെ ഡി എഫ് ഐ 15-24 ആയിരിക്കും. 24-29 ഡി എഫ് ഐ കഷ്ടിച്ച് ആരോഗ്യമുള്ള ബീജങ്ങളായിരിക്കും. 29 ശതമാനത്തില്‍ കൂടുതലാണ് ഡി എഫ് ഐ എങ്കില്‍ ബീജത്തിന് ഒട്ടും ശേഷിയില്ലെന്ന് അര്‍ത്ഥം
പഠനത്തില്‍ പങ്കെടുത്ത പുരുഷന്മാരോട് ആഴ്ചയില്‍ എല്ലാ ദിവസവും സ്ഖലനം നടക്കണമെന്ന് ഗവേഷകര്‍ നിര്‍ദ്ദേശിച്ചു. ജീവിതരീതികളില്‍ മറ്റൊരു മാറ്റവും പാടില്ലെന്നും നിര്‍ദ്ദേശിച്ചു. നിത്യവും സ്ഖലനം നടന്നപ്പോള്‍ ഇവരില്‍ ചിലരുടെ ബീജത്തിലെ ഡി എഫ് ഐ 38 ല്‍ നിന്ന് 26 വരെ എത്തി. എല്ലാവരിലും ഡി എഫ് ഐ നിലവാരം പ്രതീക്ഷിച്ച തോതില്‍ ഉയര്‍ന്നില്ലെന്നത് സത്യമാണ്. എങ്കിലും പൊതുവേ നല്ല മാറ്റം ഉണ്ടായി.
പതിവായുള്ള സ്ഖലനം ശുക്‌ളത്തിന്റെ അളവും അവയിലെ ബീജത്തിന്റെ എണ്ണവും കുറയ്ക്കുന്നുണ്ട്. എന്നാല്‍, ബീജങ്ങളുടെ ആരോഗ്യം നന്നായി ഉയരുന്നുമുണ്ട്. ബീജാരോഗ്യം കൂടുന്നു എന്നാല്‍ ഗര്‍ഭധാരണ സാദ്ധ്യത ഉയരുന്നു എന്നര്‍ത്ഥം.
നിത്യവും സ്ഖലനം നടന്നാല്‍ ബീജം ജനനേന്ദ്രിയനാളിയില്‍ കഴിയുന്ന സമയം കുറയുന്നു. അവിടെ കഴിയുന്ന സമയം കൂടിയാല്‍ ജനനേന്ദ്രിയനാളിയിലെ ഓക്‌സിജന്‍ ഘടകങ്ങളുമായി പ്രതിപ്രവര്‍ത്തിക്കാന്‍ അവസരം കുറയുന്നു എന്നുകൂടി അര്‍ത്ഥമുണ്ട്.
യൂറോപ്യന്‍ സൊസൈറ്റി ഒഫ് ഹ്യൂമന്‍ റിപ്രൊഡക്ഷന്‍ ആന്‍ഡ് എംബ്രിയോളജി ഇരുപത്തഞ്ചാം വാര്‍ഷിക യോഗത്തിലാണ് ഈ പഠന റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

  © Blogger templates Newspaper II by Ourblogtemplates.com 2008

Back to TOP